ഇത് നഹ്ല ഹമദ് ബിൻ ഫഹദ് അൽംഹീരി, എമിറാത്തി ചലച്ചിത്ര സംവിധായിക. ക്യാമറ ഫ്രെയിമുകൾക്ക് പിറകിൽ കരുത്ത് തെളിയിച്ച വനിത. ഷാർജയിൽ കഴിഞ്ഞ ദിവസം നടന്ന എക്സ്പോഷർ ഇൻ്റർനാഷണൽ ഫോട്ടോ ഫെസ്റ്റിവൽ(എക്സ്പോഷർ 2024) ഏറ്റവും ജനശ്രദ്ധ ആകർഷിച്ച വനിതയായിരുന്നു നഹ്ല ഹമദ് ബിൻ ഫഹദ് അൽംഹീരി. ‘സ്ത്രീശബ്ദങ്ങളെ ശാക്തീകരിക്കൽ’എന്ന വിഷയത്തിൽ തന്റെ അനുഭവം നഹ്ല പങ്കുവെച്ചു. ഭാവി തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ നമ്മുടെ അറിവും അനുഭവങ്ങളും കൈമാറാൻ നാം എപ്പോഴും ശ്രമിക്കണമെന്നാണ് നഹ്ല ഹമദ് പറയുന്നത്. ഷാർജ ടിവിയിലെ ഡോ. അബ്ദുൽസലാം അൽഹമ്മദുമായുള്ള സംഭാഷണത്തിൽ പുരുഷ മേധാവിത്വമുള്ള ചലച്ചിത്രമേഖലയിൽ താൻ എങ്ങനെ പ്രവേശിച്ചുവെന്നതിനെക്കുറിച്ച് നഹ്ല വിശദീകരിച്ചു.
സിനിമയിലേക്കുള്ള വരവ്
തന്റെ കുട്ടിക്കാലത്ത് ടെലിവിഷനിൽ നിരവധി കാർട്ടൂണുകൾ കണ്ടാണ് വളർന്നതെന്ന് നഹ്ല അൽ ഫഹദ് പറയുന്നു. തൻ്റെ കുടുംബത്തിന് സിനിമയുമായി യാതൊരു വിധ ബന്ധവുമുണ്ടായിരുന്നില്ല. കൊഡാക് ക്യാമറയിൽ നിന്നാണ് നഹ്ലയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അഭിനിവേശം ആരംഭിച്ചത്. ” ആഴ്ചയിൽ 40 സിനിമകൾ കാണുകയും ക്യാമറയിൽ ധാരാളം ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നുവെന്ന് നഹ്ല പറയുന്നു. ഇപ്പോൾ യുകെയിലെ ഡെർബി സർവകലാശാലയിൽ മീഡിയയിൽ ഡോക്ടറേറ്റിന് പഠിക്കുകയാണ്.
പരസ്യത്തിൽ നിന്ന് സിനിമയിലേക്ക്
ദുബായ് കോളേജ് ഓഫ് മീഡിയ മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗിൽ നിന്ന് ബിരുദം നേടിയ നഹ്ല പിന്നീട് ചേർന്നത് ഹ്രസ്വ വീഡിയോ ക്ലബ്ബുകളിലാണ്. തുടക്കത്തിൽ പകർത്തിയ വീഡിയോകളും പരസ്യങ്ങളും സംവിധായികയിലേക്കുള്ള ചവിട്ടുപടിയായി. ദ ടെയ്ൻ്റഡ് വെയിൽ പോലുള്ള അവാർഡ് നേടിയ ചിത്രങ്ങൾ നഹ്ല നിർമ്മിക്കുകയും ചെയ്തു
നേടിയെടുത്ത പുരസ്കാരങ്ങൾ
ഷാർജ മീഡിയ സിറ്റിയുമായി(ഷംസ്) അടുത്ത് പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര പ്രവർത്തകയാണ് നഹ്ല, തന്നിൽ വിശ്വസിച്ച നഗരമാണ് ഷാർജ എന്നാണ് നഹ്ല പറയുന്നത്, കൊവിഡ് ലോക്ക്ഡൗൺ വർഷങ്ങളിൽ ഉൾപ്പെടെ, വിവര പ്രചാരണങ്ങൾക്കായി നിരവധി വീഡിയോകകൾ നിർമ്മിച്ചിട്ടുണ്ട് ഈ എമിറാത്തി വനിത. ഷംസ് ഓൺ ഡൊമസ്റ്റിക് വയൻസ്, 218: ബിഹൈൻഡ് ദ വാൾ ഓഫ് സൈലൻസ്, 2022 ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഏഷ്യൻ ചിത്രം എന്നീ മൂന്ന് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.