2030-ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് വേദിയാകാനൊരുങ്ങി ആറ് രാജ്യങ്ങൾ. യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലെ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ, യുറഗ്വായ്, അർജന്റീന, പരാഗ്വെ രാഷ്ട്രങ്ങളാണ് ഫുട്ബോൾ മാമാങ്കത്തിന് ആതിഥ്യമരുളുന്നത്.
ആദ്യ ലോകകപ്പ് ഫൈനലിന് വേദിയായ യുറഗ്വായിലെ സെന്റനാരിയോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടത്തപ്പെടുക. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലാണ് മത്സരങ്ങളുടെ ഭൂരിഭാഗവും നടക്കുക.
ലോകകപ്പിന്റെ ശതാബ്ദി ആഘോഷവും ഇതിനോട് അനുബന്ധിച്ച് നടത്തപ്പെടും. 2030 ജൂൺ – ജൂലൈ മാസങ്ങളിലായി നടത്തപ്പെടുന്ന ടൂർണമെന്റിൽ 48 ടീമുകൾ 104 മത്സരങ്ങളിൽ മാറ്റുരയ്ക്കും. 2026-ലെ ലോകകപ്പിന് വേദിയാകുന്നത് യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാഷ്ട്രങ്ങളാണ്.