യച്ചൂരി, ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമായ സാന്നിധ്യം

Date:

Share post:

നീണ്ട 32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പാർട്ടിക്ക് കാവൽ നിൽക്കുകയായിരുന്നു സീതാറാം യച്ചൂരി എന്ന സൗമ്യ സാന്നിധ്യം. യച്ചൂരി സീതാരാമ റാവു എന്ന ബാബു എന്ന പേരിൽ നിന്നു ജാതിവാൽ മുറിച്ചുമാറ്റി സീതാറാം യച്ചൂരിയെന്ന ജനകീയ സഖാവായി ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി. ഏത് പ്രതിസന്ധി ഘട്ടത്തെയും ചങ്കൂറ്റത്തോടെയും ആത്മവിശ്വാസത്തോടെയും സൗമ്യതയോടെയും നേരിട്ട അദ്ദേഹം ഒരു കറതീർന്ന കമ്യൂണിസ്റ്റുകാരനാണെന്ന് നിസംശയം പറയാം.

ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് സീതാറാം യച്ചൂരി ജനിച്ചത്. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം ആരംഭിച്ചത്. തുടർന്ന് ഡൽഹിയിൽ എത്തിയ അദ്ദേഹം സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കോടെ പാസായി.

മകൻ എൻജിനീയറാവണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ ഡോക്ടറാവണമെന്നായിരുന്നു അമ്മയ്ക്ക്, അതേസമയം ഐഎഎസുകാരൻ ആവണമെന്ന് മുത്തച്ഛനും ആ​ഗ്രഹിച്ചു. എന്നാൽ, കുടുംബത്തിൻ്റെ താത്പര്യങ്ങളെ മറികടന്ന് തന്റെ ഇഷ്ടപക്ഷമായി ഇക്കണോമിക്‌സ് പഠിക്കാനായിരുന്നു യച്ചൂരിയുടെ തീരുമാനം. ആ പഠനകാലമാണ് അദ്ദേഹത്തിന് കമ്യൂണിസത്തിലേക്കുള്ള വഴിതുറക്കുന്നത്. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ (ഓണേഴ്സ്), ജെഎൻയുവിൽ നിന്ന് എംഎ എന്നിവ പൂർത്തിയാക്കി.

1974-ൽ എസ്.എഫ്.ഐയിലൂടെയായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയ പ്രവേശനം.1978ൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയായി. ഇതേവർഷം തന്നെ അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ബംഗാളിൽ നിന്നോ കേരളത്തിൽ നിന്നോ അല്ലാതെ എസ്എഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ആയിരുന്നു യെച്ചൂരി. 1984-ൽ അദ്ദേഹം സിപിഎം-ന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ് യച്ചൂരി.

2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2015ൽ സിപിഎം വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിൽ നിന്ന് ദേശീയ ജനറൽ സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാംതവണയും പാർട്ടി നായകനായി. അതോടൊപ്പം സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി വാരികയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു യച്ചൂരി.

2025-ൽ തമിഴ്‌നാട്ടിലെ മധുരയിൽ 24-ാം കോൺഗ്രസ് നടക്കാനാരിക്കെയാണ് സിപിഎമ്മിന് തങ്ങളുടെ പടത്തലവനെ നഷ്‌ടമാകുന്നത്. അതോടൊപ്പം ജനറൽ സെക്രട്ടറി സ്ഥാനത്ത് 10 വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. “ഉത്തമ കമ്യൂണിസ്‌റ്റായി ആരുമില്ല. എല്ലാവർക്കും അവരവരുടേതായ കഴിവുകളും പോരായ്മ‌കളുമുണ്ടാവും നല്ല കമ്യൂണിസ്‌റ്റ് എന്ന പ്രയോഗമാണ് ശരി. നല്ല കമ്യൂണിസ്റ്റാവുകയെന്നത് ജീവിതകാലം മുഴുവനുള്ള പോരാട്ടമാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തുകൊണ്ട് കമ്മ്യൂണിസത്തിന്റെ ചെന്താരകത്തിന് വിട നൽകാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...