41 ജീവനുകൾക്ക് വേണ്ടി 400 മണിക്കൂർ രക്ഷാപ്രവർത്തനം

Date:

Share post:

2023 നവംബർ 12, ഇന്ത്യൻ സമയം പുലർച്ചെ 5:30. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര ബെൻഡ് – ബാർകോട്ട് ടണലിൻ്റെ ഒരു ഭാഗം തകർന്നു വീണു. ടണലിനുളളിൽ 41 തൊഴിലാളികൾ കുടുങ്ങിയെന്ന വാർത്തകേട്ട് രാജ്യമാകെ ഞെട്ടി.

സിൽക്യാര ബെൻഡ് ടണൽ

ഗംഗോത്രി, യംനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഉത്തരാഖണ്ഡിലെ ചാർ ധാം പരിയോജന പദ്ധതിയുടെ ഭാഗമാണ് സിൽക്യാര ബെൻഡ് ടണൽ. ചാർ ധാം പരിയോജന പദ്ധതിയുടെ നിർണായക ഘടകമായ സിൽക്യാര ബെൻഡ്-ബാർകോട്ട് ടണൽ നവയുഗ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ ലിമിറ്റഡാണ് (എൻഇസിഎൽ) നിർമ്മിക്കുന്നത്. ദേശീയ പാത 134 ന്റെ യമുനോത്രിയുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ തുരങ്കം ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമാർ​ഗ്​ഗമാണ്. 4.5 കിലോമീറ്റർ നീളമുള്ള തുരങ്കം യാത്രാ സമയം ഗണ്യമായി കുറയ്ക്കും. രണ്ട് കിലോമീറ്ററോളം ദൂരമുളള തുരങ്കത്തിൻ്റെ തുടക്കഭാഗത്താണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.

‘ഓപ്പറേഷൻ സിന്ദഗി’

എങ്ങനെയും 41 ജീവൻ രക്ഷപ്പെടുത്തി പുറത്തെടുക്കണം. സംസ്ഥാന – കേന്ദ്രസർക്കാറുകൾ ഉണർന്ന് പ്രവർത്തിച്ച് ‘ഓപ്പറേഷൻ സിന്ദഗി’ എന്ന പേരിൽ ഒരു വലിയ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ തുരങ്കം തകർന്നതിന്റെ കാരണം അന്വേഷിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ആറംഗ വിദഗ്ധ സമിതിയെയും രൂപീകരിച്ചു.തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം ചെയ്തു. ഒരു ഓക്സിജൻ പൈപ്പ്, ഒരു ഡ്രൈ ഫുഡ് പൈപ്പ്, ചൂടുള്ള ഭക്ഷണത്തിനും ക്യാമറ സ്ഥാപിക്കുന്നതിനുമുള്ള വിശാലമായ പൈപ്പ് തുടങ്ങിയവയെല്ലാം തൊഴിലാളികളുടെ ജീവൻ നിലനിർത്താനായി ചെയ്തു.

6 ഇഞ്ച് (15 സെന്റീമീറ്റർ) വീതിയുള്ള മൂന്ന് പൈപ്പിൽ കൂടിയാണ് തൊഴിലാളികളുടെ ജീവൻ നിലനിർത്താനുള്ള ഓക്സിജനും ആഹാരവും എത്തിച്ചു നൽകിയത്. പൈപ്പ് ഒരു എൻഡോസ്കോപ്പിക് ക്യാമറ ഇറക്കി തൊഴിലാളികളുടെ അവസ്ഥ നിരീക്ഷിക്കാനും ആശയവിനിമയം സ്ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാഹചര്യമൊരുക്കി.

എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഇന്ത്യൻ ആർമി, മറ്റ് സംസ്ഥാന, കേന്ദ്ര ഏജൻസികൾ എന്നിവ ചേർന്നാണ് ഉത്തരാഖണ്ഡ് ടണൽ രക്ഷാപ്രവർത്തനം നടത്തിയത്. മൈക്രോ ടണലിംഗ് വിദഗ്ധൻ ക്രിസ് കൂപ്പറും എത്തി. ആർമി എൻജിനീയർമാർക്കൊപ്പമെത്തിയ ആറംഗ വിദഗ്ദ്ധ ഖനന തൊഴിലാളികളാണ് (റാറ്റ് മൈനേഴ്സ്) അവശിഷ്ടങ്ങൾ നീക്കി മുന്നേറാനുള്ള ശ്രമം തുടങ്ങിയത്.

യന്ത്രസഹായത്തോടെയുള്ള തുരക്കൽ പ്രതിസന്ധി നേരിട്ടതോടെ റാറ്റ് മൈനേഴ്‌സിന്റെ നേതൃത്വത്തിൽ പരിചയസമ്പന്നരായ 24 ‘റാറ്റ്-ഹോൾ മൈനിംഗ്’ വിദഗ്ധരുടെ സംഘം മാനുവൽ ഡ്രില്ലിംഗ് ആരിഭിച്ചു. 57 മീറ്ററോളം ദൂരം പിന്നിട്ട് ഇരുമ്പ് പൈപ്പ് തൊഴിലാളികൾക്കടുത്തേയ്ക്ക് എത്തിച്ച് കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികൾക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു.

റാറ്റ് മൈനേഴ്സ്

വിദഗ്ദ്ധരായ ഖനന തൊഴിലാളികളാണ് റാറ്റ് മൈനേഴ്സ്. ഇടുങ്ങിയതും ലംബവുമായ കുഴികളിൽ ഇവർക്ക് ഇറങ്ങാൻ കഴിയുന്നു. ആകെ ആറ് റാറ്റ് ഹോൾ മെെനിംഗ് തൊഴിലാളികളെയാണ് ഝാൻസിയിൽ നിന്ന് ഉത്തരകാശിയിലേക്ക് കൊണ്ടുവന്നത്. ഈ തൊഴിലാളികൾ ഇടുങ്ങിയ ദ്വാരങ്ങളിലൂടെയും പരിമിതമായ ഇടങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയുന്ന സ്പെഷ്യലിസ്റ്റുകളാണ്. മാത്രമല്ല ഇവർക്ക് ക്ലോസ്ട്രോഫോബിക് (ചെറിയ അടഞ്ഞ റൂമിൽ കടക്കുമ്പോൾ ഉണ്ടാകുന്ന ഭയം) ഇല്ല. ഈ റാറ്റ് ഹോൾ മെെനിംഗ് തൊഴിലാളികൾക്ക് 100 അടി വരെ അനായാസം താഴേയ്ക്കിറങ്ങാൻ കഴിയും. ഉയർന്ന മെക്കാനിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്.

വിജയ ദൗത്യം

17 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ദൗത്യം വിജയത്തിലെത്തിയത്. 400 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. 41 തൊഴിലാളികളിൽ 10 പേരെ ആദ്യഘട്ടിൽ പുറത്തെത്തിച്ചു. പിന്നാലെ ബാക്കി 31 പേരും ജീവിതത്തിലേക്ക് തിരികെയെത്തി. രാജ്യം ഉറ്റുനോക്കിയ രക്ഷാ ദൌത്യത്തിന് ദൃക്സാക്ഷിയാകാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.

രാജ്യം കണ്ട സങ്കീർണമായ രക്ഷാപ്രവർത്തനമാണ് വിജയം കണ്ടത്. കഠിനമേറിയ പാറകളും ചെങ്കുത്തായ ചെരിവുകളുമുള്ള പ്രദേശത്ത് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു രക്ഷാ ദൗത്യം. തൊഴിലാളികൾ കുടുങ്ങിക്കിടന്ന ഭാഗം കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. വലിയ പൈപ്പുകൾ സ്ഥാപിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ മണിക്കൂറിൽ മൂന്ന് മീറ്ററോളം ദൂരമായിരുന്നു രക്ഷാ പ്രവർത്തകർക്ക് മുന്നോട്ട് നീങ്ങാനായത്. രക്ഷാ ദൗത്യം അവസാനഘട്ടത്തിലേക്ക് അടുത്തപ്പോൾ തുരക്കാൻ ഉപയോഗിക്കുന്ന മെഷീന്റെ ലോഹഭാഗങ്ങൾ കാഠിന്യമേറിയ പാറകളിൽത്തട്ടി തകരാറിലായത് വീണ്ടും ആശങ്കകൾക്ക് ഇടയാക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...