അപ്രതീക്ഷിതമായുണ്ടായ മകന്റെ വേർപാട് സിദ്ദിഖിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. നിറകണ്ണുകളോടെ മകന്റെ ചേതനയറ്റ ശരീരത്തിനിരികെ സിദ്ദിഖ് നിൽക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ സിദ്ദിഖ് തന്റെ പൊന്നോമന സാപ്പിയെ യാത്രയാക്കി.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ (റാഷിൻ) ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും മുൻപന്തിയിൽ തന്നെയായിരുന്നു സാപ്പിയുടെ സ്ഥാനം. വേർതിരിവുകളില്ലാതെ എല്ലാവരും സാപ്പിയെ ചേർത്ത് നിർത്തുകയും ചെയ്തിരുന്നു. സിനിമ മേഖലയിലെ സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആൻ്റണി, ആൻറോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവർ എത്തിയിരുന്നു.
ശ്വാസതടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു റാഷിൻ വിടപറഞ്ഞത്. പടമുകൾ പള്ളിയിൽ ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു കബറടക്കം. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിൻ്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. റാഷിൻ്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സിദ്ദിഖ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.