കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാനുറച്ച് കോൺഗ്രസ് ഹൈക്കമാൻ്. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം എത്തുന്നത്. രണ്ട് ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ ടേമിൽ രണ്ട് വർഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമിൽ മൂന്ന് വർഷം ഡി.കെ. ശിവകുമാറിനും നൽകാനാണ് ധാരണയായത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദംകൂടി നൽകുമെന്നാണ് സൂചന.
കർണാടക പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ഡികെയ്ക്ക് അവസരം ഒരുക്കാമെന്നും പാർട്ടി ദേശീയ നേതൃത്വം അറിയിച്ചു. കൂടെനിൽക്കുന്ന നേതാക്കൾക്ക് പ്രധാനപ്പെട്ട വകുപ്പുകൾ മന്ത്രിസഭയിൽ നൽകണമെന്നും ടേം സംബന്ധിച്ച് കൃത്യമായ ധാരണ വേണമെന്നും ശിവകുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അറിയിച്ചതായാണ് വിവരം.
പാർട്ടിയെ ചതിക്കാനോ പിന്നിൽ നിന്ന് കുത്താനോ ഇല്ലെന്നാണ് ഡി കെ ശിവകുമാർ വ്യക്തമാക്കുന്നത്. പാർട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡികെ പറഞ്ഞു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലെന്നും ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയിൽ ഡികെ അതൃപ്തി രേഖപ്പെടുത്തി.