യുഎഇയുടെ തലപ്പത്തേക്ക് പുതിയ ഭരണാധികാരി എത്തുമ്പോൾ 2013ൽ പത്രമാധ്യമങ്ങളിൽ വാർത്തയായ ഒരു കരുതലിന്റെ കഥയുണ്ട് അദ്ദേഹത്തെ കുറിച്ച്. യുഎഇ ഫേസ്ബുക്ക് പേജിൽ വന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഈ ചിത്രത്തിന് ചുവടെ വന്ന കമെന്റുകൾ ആദ്യം നോക്കാം:
“അച്ഛനെ പോലെയൊരു മകൻ”
“ദൈവം അദ്ദേഹത്തെയും യുഎഇയെയും അനുഗ്രഹിക്കട്ടെ”
“സത്യമായും ഒരു നല്ല മനുഷ്യൻ”
“ശൈഖ് മുഹമ്മദിനോട് ആദരവ് തോന്നുന്നു”
“അദ്ദേഹം ഒരു യഥാർത്ഥ നേതാവാണ്”
ഇങ്ങനെ പോകുന്നു കമന്റുകൾ.
സംഭവം ഇങ്ങനെയാണ്:
റോഡിൽ സ്കൂൾ കഴിഞ്ഞ് ഒറ്റയ്ക്ക് നിൽക്കുന്ന ചെറിയ പെൺകുട്ടിയോട് എന്ത് പറ്റിയെന്ന് ശൈഖ് മുഹമ്മദ് ചോദിക്കുന്നു. പിതാവ് കൂട്ടികൊണ്ട് പോകാൻ വരുമെന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞ കുട്ടിയോട് അദ്ദേഹം വീട്ടിൽ കൊണ്ടുവിടാമെന്ന് അറിയിക്കുന്നു. എന്നാൽ കുട്ടി അത് നിരസിച്ചു, “പരിചയമില്ലാത്തവരോട് സംസാരിക്കരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്” എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
ശൈഖ് മുഹമ്മദിന്റെ അസിസ്റ്റന്റ് ഉടനെ തന്നെ കുട്ടിയോട് ഇത് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണെന്ന് ധരിപ്പിക്കുന്നു. അത് കേട്ടിട്ടും കുട്ടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. “അതെനിക്ക് അറിയാം പക്ഷെ അപരിചിതരോടൊപ്പം പോകരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്.”
ഇത് കേട്ട ശൈഖ് മുഹമ്മദ് ഒരു പുഞ്ചിരിയോടെ അവൾക്കൊപ്പം ആ റോഡരികിൽ ഇരുന്നു, ആ കുട്ടിയുടെ പിതാവ് എത്തുന്നത് വരെ. ഈ ചിത്രം സ്കൂളിലെ ഒരു ടീച്ചർ എടുത്തതാണ്. യുഎഇയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ടതോടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കരുതലിനെ പ്രകീർത്തിക്കുന്ന കമന്റുകൾ വന്ന് നിറയുകയാണ് ചെയ്തത്.