ദുബായിയിൽ ബിസിനസ് ആരംഭിക്കുന്നവർക്കായി ഏകീകൃത ഡിജിറ്റൽ ജാലകം തുടങ്ങാൻ ഉത്തരവിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ഭരണാധികാരി എന്ന നിലയിൽ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിൽ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 2024 ലെ ഡിക്രി നമ്പർ (13) പുറപ്പെടുവിച്ചു. ദുബായിയുടെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉത്തരവ്.
പുതിയ ബിസിനസുകൾക്കുള്ള ലൈസൻസിങ് അതോറിറ്റികളുടെ പ്രവർത്തനം ഏകീകരിക്കാനാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം ഡിപ്പാർട്ടുമെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഉൾപ്പെടെയുള്ള പ്രത്യേക വികസന മേഖലകളുടെയും ഫ്രീസോണുകളുടെയും അതോറിറ്റികൾ, മറ്റ് പ്രസക്തമായ സ്ഥാപനങ്ങൾ എന്നിവയുടെ ഉൾപ്പെടെ ദുബായിലെ വിവിധ ലൈസൻസിങ് പ്രക്രിയകൾ സമന്വയിപ്പിക്കും. ഒരു ബിസിനസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള തടസ്സങ്ങളെല്ലാം ഇതിലൂടെ മറികടക്കാനാവും.
ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാൻ സ്വീകരിക്കും. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ പ്രാബല്യത്തിലാകും. നിക്ഷേപകർക്ക് ബിസിനസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിവരങ്ങൾ ലഭ്യമാക്കലും ലൈസൻസ് എടുക്കലും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളുമെല്ലാം വളരെ കാര്യക്ഷമമായി ഏകീകൃത സംവിധാനത്തിലൂടെ നടപ്പാകും.