ദുബായിൽ ഭവനവുമായി ബന്ധപ്പെട്ട 54 സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ. ദുബായ് ഇന്റഗ്രേറ്റഡ് ഹൗസിംഗ് സെന്റർ എന്ന പുതിയ ഏകീകൃത പ്ലാറ്റ്ഫോമിന് കീഴിലാണ് 54 സേവനങ്ങൾ നൽകുന്നത്. ഫെബ്രുവരി മുതലാകും പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം ആരംഭിക്കുക.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കേന്ദ്രം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടുത്തിടെ ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33 പ്രകാരമാണ് ഈ പദ്ധതി.
‘കുടുംബം: നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ദുബായ് ഇന്റഗ്രേറ്റഡ് ഹൗസിംഗ് സെന്റർ ആരംഭിച്ചു. ദുബായിലെ പൗരന്മാർക്ക് ഭവന നിർമ്മാണ സേവനങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭമെന്ന്’ ഷെയ്ഖ് ഹംദാൻ എക്സിൽ വ്യക്തമാക്കി. അടുത്ത മാസം മുതൽ, നാല് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും രണ്ട് സ്വകാര്യ മേഖല പങ്കാളികളിൽ നിന്നുമുള്ള 54 സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകും. നാദ് അൽ ഷെബയിലെ അവന്യൂ മാളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രം ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും.