ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പുമെല്ലാം ഒറ്റയ്ക്കായിരുന്നെന്ന് പ്രതി ഷാറൂഖ് സെയ്ഫി മൊഴി നൽകി. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നും ഷാറൂഖ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ച ബുക്കില്‍ എഴുതിയിരുന്നത് ആക്രമണം ലക്ഷ്യമിട്ട റയില്‍വേ സ്റ്റേഷനുകളെപ്പറ്റിയെന്ന് സൂചനയുണ്ട്. ഷാറൂഖിന്‍റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച പറയുന്ന നുണയാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ആക്രമണം എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിട്ടില്ല.
ട്രെയിനിൽ തീയിട്ട ശേഷം ഷാറൂഖ് ട്രെയിനില്‍ തിരിച്ചുപോയത് ടിക്കറ്റെടുക്കാതെ ജനറല്‍ കംപാര്‍ട്മെന്‍റില്‍ മുഖം മറച്ചായിരുന്നെന്നാണ് മൊഴി. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റ് ബോഗികളിലേയ്ക്ക് മാറി യാത്ര തുടര്‍ന്നുവെന്നും മൊഴിയിൽ പറയുന്നു.
മൃതദേഹങ്ങൾക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നും ആരുടെയെങ്കിലും കാൽ തട്ടി ട്രെയിനിൽ നിന്ന് വീണതാകാമെന്നുമാണ് ഷാറൂഖ് പറയുന്നത്. മൂന്ന് പേർ എങ്ങനെ മരിച്ചു എന്നതിലും ദുരൂഹതയുണ്ട്.
പ്രതിയെ കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാംപിലെത്തിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷമാകും തുടർനടപടികൾ.