എലത്തൂരിൽ ട്രെയിൻ തീവയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ. കേരള പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ 9 പേർക്ക് സാരമായ പരിക്കേൽക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി മുതൽ പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.
ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായിരിക്കുന്നത്. രാജ്യം മുഴുവൻ പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും ഷാറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തിവരികയിരുന്നു. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ കസ്റ്റഡിയിലാണ് ഷാറൂഖ്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിൽ വച്ച് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ ഡി വൺ കോച്ചിൽ പ്രതി പെട്രോൾ ഒഴിച്ച് തീയിട്ടത്. കോച്ചിൽ തീപടർന്നതോടെ പരിഭ്രാന്തരായ 3 പേർ ട്രെയിനിൽ നിന്ന് ചാടിയതോടെ മരണപ്പെട്ടു. 9 പേർക്ക് ഗുരുതര പൊള്ളലേറ്റു.