അബുദാബിക്കും ദുബായിക്കും പിറകെ ഒറ്റത്തവണ ഉപയോഗമുള്ള പ്‌ളാസ്റ്റിക്കുകൾ നിരോധിച്ച് ഷാർജ. 2024 ജനുവരി 1 മുതൽ പൂർണ നിരോധനം നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടമായി ഒക്ടോബർ 1 മുതൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
എമിറേറ്റിനെ പരിസ്ഥിതി സൗഹൃദമാക്കാനും പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് ഊർജ്ജം കൂടുതൽ പകരാനുമാണ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഈ തീരുമാനം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ മറ്റു വസ്തുക്കൾ എന്നിവ കച്ചവടം ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തെ ജൂൺ 1 മുതൽ അബുദാബിയിൽ ഒറ്റ തവണ ഉപയോഗമുള്ള പ്‌ളാസ്റ്റിക്ക് നിരോധിച്ചിരുന്നു. ദുബായിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കിത്തുടങ്ങി.