കൊവിഡിൻ്റ തുടക്കത്തിൽ 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. എവിടെ നിന്നായാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയിലാണ് മുൻ മന്ത്രിയുടെ പ്രതികരണം.
അന്‍പതിനായിരം കിറ്റിനാണ് ഓര്‍ഡര്‍ നല്‍കിയത്. പതിനയ്യായിരം കിറ്റ് വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്. അടിയന്തര സാഹചര്യത്തിലായിരുന്നു ആദ്യ ഘട്ടം വാങ്ങിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുകയെന്നതായിരുന്നു പ്രധാനമെന്നും കെ കെ ശൈലജ വ്യക്തമാക്കി.
അതിനെ പ്രതിപക്ഷം അഴിമതിയെന്ന് വീണ്ടും ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും കെ കെ ശൈലജ പറഞ്ഞു.കാര്യങ്ങൾ ലോകയുക്തയെ ബോധ്യപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
വിപണിവിലയേക്കാള്‍ കൂടിയ വിലയില്‍ പിപിഇ കിറ്റ് വാങ്ങിയതിന് ശൈലജയ്ക്ക് അടക്കം ലോകായുക്ത നോട്ടീസ് അയച്ച സാഹചര്യത്തിലാണ് പ്രതികരണം. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ ഹർജിയിലാണ് ലോകായുക്ത നടപടി.