ചെറിയപെരുന്നാൾ ദിനത്തില്‍ കുടുംബത്തിലെ ഇളം തലമുറക്കാരോടൊപ്പം യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒത്തുചേരലിന്റെ സന്തോഷം പങ്കുവയ്ക്കുന്നതാണ് അപൂര്‍വ്വ ചിത്രം. കഴിഞ്ഞ വെളളിയാഴ്ച പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കകം വൈറലാവുകയായിരുന്നു.
രാജകുടുംബത്തിലെ ഇളം തലമുറക്കാരായ 23 പേരാണ് ഷെയ്ക് മുഹമ്മദിനൊപ്പം ചിത്രത്തിലുളളത്. ഫാമിലി എന്ന ഹാഷ്ടാഗില് പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. പരമ്പരാഗത വസ്ത്രങ്ങളും ഉത്സവ വസ്ത്രങ്ങളുമാണ് ചിത്രത്തിലുളളവര് അണിഞ്ഞിട്ടുളളത്. ഏറ്റവും പ്രായം കുറഞ്ഞവര്‍ കൗമാരക്കാരായ സഹോദരങ്ങളുടെ മടിയിലാണ് ഇരിക്കുന്നത്. കൂട്ടത്തിലൊരാൾ ഷെയ്ക് മുഹമ്മദിന്റെ ആലിംഗന വലയത്തിലുമുണ്ട്.
ഷെയ്ക് മുഹമ്മദിനൊപ്പം മറ്റുചില ഭരണാധികാരികളും കുടുംബത്തോടൊപ്പമുളള ആഘോഷനിമിഷങ്ങൾ പങ്കുവച്ചു. അബുദാബി കിരീടാവകാശിയും സായുധ സേന ഉപസൈന്യാധിപനുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും കുടുംബത്തിലെ പുതുതലമുറയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചിരുന്നു. നമ്മുടെ കുട്ടികളോടും കൊച്ചുമക്കളോടും ഒപ്പം അവധിദിനങ്ങളും ആഘോഷങ്ങളും ചെലവഴിക്കാനുള്ള അവസരം ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണെന്നും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണെന്നും ചിത്രത്തോടൊപ്പമുളള കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.