റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിച്ചതിന് ശേഷം ലഭിക്കുന്ന ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്. ഉപഭോക്താവിന് ലഭിക്കുന്ന സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്നാണ് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
2017ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. മെനു കാർഡിൽ കാണിച്ചിരിക്കുന്ന വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017ൽ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാവുന്നതാണ്. മറ്റ് പേരുകളിട്ടും സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.