സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ തീരുമാനം. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ഉൾപ്പെടെ ബസുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം.
ഹെവി വാഹനങ്ങളിലെ ഡ്രൈവർമാരും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ കാമറ കണ്ടെത്തും. ഇവർക്കും നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു. നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീൽ നൽകാനും സൗകര്യമുണ്ട്.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇവ ഉപയോഗിക്കാതിരിക്കൽ. സിഗ്നൽ ലംഘനം, ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിനു പിന്നാലെയാണ് പുതിയ ചട്ടം.