ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനേത്തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. കര-നാവിക സേനയുടെ നേതൃത്വത്തിൽ അർജുനായി കരയിലും പുഴയിലും തിരച്ചിൽ ആരംഭിച്ചു. സൈന്യത്തിന്റെ ശക്തി കൂടിയ റഡാർ ഉപയോഗിച്ചാണ് ഇന്നത്തെ പരിശോധന. ഐ.എസ്.ആർ.ഒയുടെയും എൻ.ഐ.ടിയുടെയും വിദഗ്‌ധ സംഘം തെരച്ചലിന് സഹായം നൽകും.
അതേസമയം, ലോറി കരയിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ വ്യക്തമാക്കുന്നത്. ലോറി മൂടാനുള്ള മണ്ണ് ദേശീയ പാതയോട് ചേർന്ന് ഉണ്ടെന്നും അത് മുഴുവനായും മാറ്റണമെന്നും പുഴയോട് ചേർന്ന മണ്ണും ദേശീയ പാതയിലെ മണ്ണും ഒരേസമയം നീക്കണമെന്നും ജിതിൻ ആവശ്യപ്പെട്ടു. എന്നാൽ റോഡിലേക്ക് വീണ 98 ശതമാനം മണ്ണും നീക്കിയെന്നും ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും കർണാടക റവന്യൂ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
നിലവിലെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും അർജുൻ്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതിനേത്തുടർന്ന് ഇന്നലെ സൈന്യം സ്ഥലത്തെത്തിയിരുന്നു. മണ്ണിടിച്ചിൽ നടന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള 60 സൈനികരാണ് എത്തിയിട്ടുള്ളത്. ഇന്ന് നടക്കുന്ന തിരച്ചിലിൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.