കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധി പറഞ്ഞു. എന്നാൽ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിക്കൊണ്ട് ജസ്റ്റിസ് സുധാൻഷു ധുലിയ വിധി പറഞ്ഞതോടെ കേസ് ചീഫ് ജസ്റ്റിസിനു മുന്നിലേക്കെത്തും. വിശാല ബെഞ്ചിനു വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിനു വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.
കർണാടക ഹൈക്കോടതി വിധിക്കെതിരായ 25 ഹർജികളാണ് സുപ്രീം കോടതി പരിഗണനയ്ക്കെടുത്തത്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ദുഷ്യൻ ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൻ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി എന്നിവർ ഹാജരായി. കർണാടക സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറൽ പി.കെ. നവദഗി എന്നിവരാണ് ഹാജരായത്. പത്ത് ദിവസം നീണ്ടുനിന്ന വാദം കേൾക്കലിന് ശേഷമാണ് ഭിന്നവിധി വന്നിരിക്കുന്നത്.
ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ വരുമെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലർ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമങ്ങളിലെ പ്രചാരണം ആണ് ഹിജാബ് വിവാദത്തിന് പിന്നിലെന്നും കർണാടക സർക്കാർ വാദിച്ചു. ഹിജാബ് ധരിക്കൽ ഇസ്‌ലാം മതത്തിൽ അനിവാര്യമല്ലെന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. ഇത് 25ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ വരുന്നതല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും അതിനെ മൗലികാവകാശ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്നും വിധിയിലുണ്ട്.