ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹം വളരെ പ്രധാനപ്പെട്ടതാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ലിവിംഗ് ടുഗതർ ബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് പ്രത്യേക പ്രാധാന്യം വിവാഹത്തിൽ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് വിവാഹം അത്രയ്ക്ക് പ്രധാനമാണെന്നിരിക്കെ പിണങ്ങിപ്പോയി എന്ന കാരണത്താൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.
ദീര്‍ഘകാലമായി പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവുമായി വീണ്ടും ഒന്നിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സ്വദേശിയായ സ്ത്രീയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.
ഭര്‍ത്താവിന്റെ പരാതിയില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കി. 18 വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്നു എന്ന കാരണം തെറ്റായി അനുവദിച്ച വിവാഹമോചനം അസാധുവാക്കാന്‍ തടസമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഭാര്യയില്‍ നിന്നും ഭര്‍ത്താവിന് യാതൊരു വിധത്തിലുള്ള ഉപദ്രവവും നേരിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ വീണ്ടും ഒരുമിച്ച് താമസിക്കാമെന്നും കോടതി പറഞ്ഞു.
താന്‍ ഇപ്പോള്‍ സന്ന്യാസിയാണെന്ന വാദമാണ് കോടതിയില്‍ ഭര്‍ത്താവ് ഉയര്‍ത്തിയത്. എന്നാല്‍ ഇഹലോകസംബന്ധിയായ സകലതും ഉപേക്ഷിച്ച ആള്‍ക്ക് ഭാര്യ ഒപ്പം താമസിച്ചാലും ഇല്ലെങ്കിലും വ്യത്യാസമൊന്നുമില്ലല്ലോ എന്ന വാദം ഭാര്യ ഉയര്‍ത്തിയതോടെ ഭര്‍ത്താവിന്റെ ഈ വാദവും കോടതി തള്ളി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിധി.