പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവ് ആയിരുന്ന നൂപുർ ശർമക്കെതിരെ രൂക്ഷ
വിമർശനവുമായി സുപ്രീംകോടതി. നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അവരുടെ ചിന്തിക്കാതെയുള്ള വാക്കുകൾ രാജ്യത്താകെ തീ പടർത്തി. എന്തു പറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാവുമെന്നാണോ അവർ കരുതിയതെന്നും കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ചെയ്തതെന്ന് വാദിച്ച നൂപുറിന്റെ അഭിഭാഷകനോട് എങ്കിൽ അവതാരകനെതിരെയും കേസെടുക്കണമെന്നാണ് കോടതി പറഞ്ഞത്.
രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാണ് നൂപുർ ശർമ്മയെന്നും പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് നൂപുർ ശർമ്മയുടെ പരമാർശമാണെന്ന വിലയിരുത്തലും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. തനിക്കെതിരായ കേസുകൾ ഒരുമിച്ച് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നൂപുർ ശർമ്മ സുപ്രിംകോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു.
നൂപുർ ശർമയ്ക്കെതിരായ കേസിലെ പോലീസ് അന്വേഷണത്തെയും കോടതി പരിഹസിച്ചു. നൂപുർ ശർമക്ക് ചുവന്ന പരവതാനി വിരിക്കുകയാണ്. അറസ്റ്റ് നടക്കാത്തത് അവരുടെ സ്വാധീനം എത്രയാണെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.