ഷെയ്ഖ് സായിദ് ഭവന പദ്ധതിയുടെ ഭാഗമായി യുഎഇ പൗരന്മാരുടെ കുടുംബങ്ങൾക്കായി മന്ത്രാലയം 9,500 പുതിയ വീടുകൾ നിർമ്മിക്കുന്നുണ്ടെന്ന് ഊർജ്ജ – ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂയി പറഞ്ഞു. പൂര്‍ത്തിയായ വീടുകളുടെ കൈമാറ്റം 2022 അവസാനത്തോടെ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ വിവിധ എമിറേറ്റുകളിൽ ഭവന ആവശ്യങ്ങളും ലഭ്യമായ ഭൂമിയും കണ്ടെത്താന്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. 2040 വരെ നീളുന്ന ദീർഘകാല ഭവന തന്ത്രമാണ് മന്ത്രാലയം നടപ്പാക്കുന്നത്. ഷെയ്ഖ് സായിദ് ഹൗസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ആയിരക്കണക്കിന് ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി 100 ഭവന ഡിസൈൻ മോഡലുകൾ മന്ത്രാലയം കണ്ടെത്തിയെന്നും ഗുണഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്നും അൽ മസ്റൂയി പറഞ്ഞു.
സായിദ് ഹൗസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി പുതിയ ഭവന പദ്ധതികളും ഈ ആഴ്ച പ്രഖ്യാപിക്കും. ഗുണഭോക്താക്കൾക്ക് വിവിധ പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുളള അവസരം ലഭ്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 1999-ൽ ആരംഭിച്ച ഷെയ്ഖ് സായിദ് ഹൗസിംഗ് പ്രോഗ്രാമിലൂടെ ഇതിനകം 36,000 വീടുകൾ പൂർത്തിയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.