യമന്‍ ജനതയ്ക്ക് സൗദി അറേബ്യ നല്‍കുന്ന സഹായ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎൻ ഭക്ഷ്യ ഏജൻസി ഡയറക്ടർ റിച്ചാർഡ് രാഗൻ. യുദ്ധത്തിൽ തകർന്ന യമന്‍റെ അടിയന്തര ഉപജീവന ആവശ്യങ്ങൾ നിറവേറ്റാൻ സംഘടനയെ സഹായിക്കുന്നതിൽ സൗദിയുടെ ശ്രമങ്ങൾ അന്ത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സല്‍മാന്‍ രാജാവിന്‍റെ മാനുഷിക ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു.
യെമനില്‍ സഹായമെത്തിക്കുന്ന രാജ്യങ്ങളില്‍ സൗദി ഉദാരമായ നിലപാടാണ് സ്വീകരിച്ചത്. യെമൻ ജനതയ്ക്ക് ഭക്ഷണ വിതരണം നിലനിർത്തുന്നതിൽ സൗദിയുടെ പങ്ക് പ്രധാനമാണ്. യെമനിലെ പകുതിയിലധികം ജനതയ്ക്കും യുഎന്‍ വേൾഡ് ഫുഡ് പ്രോഗ്രാമിലൂടെ ഭക്ഷണം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് നടക്കുന്ന രാഷ്ട്രീയവും സംഘര്‍ഷഭരിതവുമായ ചലനാത്മകതയെക്കുറിച്ച് വളരെ അറിവുള്ളവരാണ് സൗദി ഭരണാധികാരികൾ. സുസ്ഥിരമായ ഒരു അതിർത്തി ഉണ്ടായിരിക്കേണ്ടത് സൗദി അറേബ്യയുടെ താൽപ്പര്യവുമാണ്. സാമ്പത്തിക പങ്കാളി, മാനുഷിക പങ്കാളി, രാഷ്ട്രീയ പങ്കാളി എന്നീ നിലകളിൽ പരസ്പര സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഏഴ് വർഷത്തെ യുദ്ധത്തിന് ശേഷം യെമൻ ഒരു വഴിത്തിരിവിലാണെന്ന് ഞാൻ കരുതുന്നു. സംഘട്ടനത്തില്‍നിന്നും സമാധാനത്തിലേക്ക് നീങ്ങുക എന്നതാണ് ശരി. ദയവായി യെമനെ മറക്കരുത് എന്നതാണ് ലോകത്തോടുള്ള ഏറ്റവും അടിയന്തിര സന്ദേശമെന്നും യുഎൻ ഭക്ഷ്യ ഏജൻസി ഡയറക്ടർ റിച്ചാർഡ് രാഗൻ കൂട്ടിച്ചേര്‍ത്തു.