ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോൾ അക്രമിയുടെ കുത്തേറ്റ പ്രമുഖ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകൾ. കണ്ണിന് പുറമെ കരളിനും കൈ ഞരമ്പുകൾക്കും മാരകമായി മുറിവേറ്റിട്ടുണ്ട്.
ഹാദി മറ്റാര് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാള്‍ പരിപാടിയില്‍ പ്രവേശിക്കുന്നതിന് അനുമതി ലഭ്യമായിരുന്നു. അക്രമം നടന്നയുടന്‍ ആളുകൾ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ സല്മാന് റുഷ്ദിയെ ആശുപത്രിയിലെത്തിക്കുക ആയിരുന്നു. അതേസമയം അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്.
ആരാണ് സല്മാന് റുഷ്ദി
മുംബൈ ജനിക്കുകയും ബ്രിട്ടീഷ് പൗരത്വം നേടുകയും ചെയ്ത നോവലിസ്റ്റാണ് സര് അഹ്മദ് സല്മാന് റുഷ്ദി. 1947 ജൂണ്‍ 19നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് തുടര്‍പഠനം ഇംഗ്ളണ്ടിലായിരുന്നു. 1975ല്‍ ഗ്രിമസ് എന്ന സയന്‍സ് ഫിക്ഷന്‍ നോവലിലൂടെയാണ് അദ്ദേഹം എഴുത്തിന്റെ ലോകത്ത് പ്രവേശിക്കുന്നത്. ബുക്കര്‍ പ്രൈല് ലഭിച്ച മിഡ് നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന രണ്ടാമത്തെ പുസ്തകം സല്മാന് റുഷ്ദിയെ ലോകപ്രശസ്തനാക്കി. 14 നോവലുകളാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുളളത്.
വിട്ടൊഴിയാതെ വിവാദങ്ങൾ
എന്നാല്‍ 1988-ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവല്‍ വിവാദമായി. മതനിന്ദ ആരോപിച്ച് ഇറാന് പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ പുസ്തകത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
33 വര്‍ഷത്തെ വിവാദങ്ങൾ മറവിയിലേക്ക് കെട്ടടുങ്ങുമ്പോഴാണ് അദ്ദേഹത്തിന് കുത്തേറ്റിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടാവാമെന്നാണ് കണക്കുകൂട്ടൽ. മതത്രീവ്രവാദ സാധ്യതകളും അന്വേഷണ പരിധിയിലുണ്ട്. അക്രമിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തി. വൈറ്റ് ഹൗസും അപലപിച്ചിട്ടുണ്ട്.