മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗ വിഷയം കോടതി പരിഗണിക്കുന്നതുവരെ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടറിയിച്ച് സിപിഐഎം നേതൃത്വം. സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്ന് സിപിഐഎം വിലയിരുത്തൽ. വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. പോലീസ് കേസ് എടുത്താൽ മാത്രം രാജിയെ കുറിച്ച് ആലോചിക്കുമെന്നും പ്രത്യക്ഷത്തിൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത് എന്നും റിപ്പോർട്ടുകൾ.
രാജിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടേയെന്ന നിലപാടാണ് നിലവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ളത്. ഭരണഘടനയെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന വിശദീകരണത്തെ സിപിഐഎം സെക്രട്ടറിയേറ്റ് ഭാഗികമായി അംഗീകരിച്ചെന്നാണ് റിപ്പോർട്ട്. സെക്രട്ടറിയേറ്റ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നേതാക്കള്‍ ആരും തന്നെ മാധ്യമങ്ങളോട് കൂടുതലായൊന്നും പ്രതികരിക്കാന്‍ തയാറായില്ല.
സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനമാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാനോട് സിപിഐഎം നേതൃത്വം ഓർമിപ്പിച്ചു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന വിധത്തില്‍ പ്രതികരിക്കരുതെന്ന് നേതൃത്വം മന്ത്രിയെ ശാസിച്ചതായാണ് വിവരം.
ഭരണഘടനയെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ബിജെപിയും പ്രതിഷേധവുമായി രംഗത്തുണ്ട്. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എകെജി സെന്ററില്‍ നിന്ന് പുറക്കേക്കിറങ്ങവെ രാജി ഇല്ലെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.