ഭരണഘടനക്കെതിരായ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. തൻ്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. തന്റെ പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നതായും സജി ചെറിയാൻ പറഞ്ഞു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലത്ത് തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ്. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് താനെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഈ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
മല്ലപ്പള്ളിയിലെ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് താൻ വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകുകയും ചെയ്തു.
വിവാദ പ്രസ്താവനയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടപെട്ടു. പ്രസ്താവന ഗൗരവപൂർവം നിരീക്ഷിക്കുകയാണെന്ന് രാജ്ഭവൻ അറിയിക്കുകയും സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ തേടുകയും ചെയ്തു.
സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പരാതി നൽകിയത്. ബിജെപി പ്രതിനിധി സംഘവും ഗവർണർക്ക് പരാതി നൽകി.
മന്ത്രിയുടെ വിവാദ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞു. രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണുണ്ടായത്. ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായെന്നും ഭരണഘടനാവിരുദ്ധ പരാമർശത്തിൽ സീതാറാം യെച്ചൂരി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാന് ഭരണഘടനയേയും ഭരണഘടനാശില്‍പ്പികളേയും അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പ്രതികരിച്ചു. ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം മന്ത്രി മനസിലാക്കിയിട്ടില്ലെന്നും സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് വി ഡി സതീശന് വിമർശിച്ചു. മന്ത്രിസഭയില്‍ നിന്ന് സജി ചെറിയാനെ പുറത്താക്കിയില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ വഴികള്‍ തേടുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.