മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായി ട്വന്റി20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം.ജേക്കബ്. സ്വപ്നയേപ്പോലെയല്ല താനെന്നും തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌താൽ ഒരാഴ്‌ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്നുമാണ് സാബു എം. ജേക്കബ് പറഞ്ഞത്. കിഴക്കമ്പലത്ത് നടന്ന ട്വന്റി20 പാർട്ടിയുടെ മഹാസംഗമത്തിൽ വെച്ചായിരുന്നു സാബുവിൻ്റെ വെല്ലുവിളി.
മുഖ്യമന്ത്രിയുടെ മകളെ അകത്താക്കാനുള്ള തെളിവുകൾ കൈയിലുണ്ട്. അത് സ്വപ്നയുടെ കൈയിലെ ബോംബ് പോലെയല്ല, ആറ്റംബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും തനിക്കറിയാം. അതുകൊണ്ട് തന്നെ എതിർക്കുന്ന എംഎൽഎയും പാർട്ടി പ്രവർത്തകരും സൂക്ഷിക്കണമെന്നും സാബു എം.ജേക്കബ് മുന്നറിയിപ്പ് നൽകി. “എന്നെ അറസ്‌റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ നമ്മുടെ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ ഞാൻ അകത്താക്കും. ഇത് സ്വപ്‌നയുടെ കയ്യിലിരിക്കുന്ന ബോംബല്ല. സാബു ജേക്കബിൻ്റെ കയ്യിലിരിക്കുന്ന ബോംബാണ്. പൂതൃക്കയിൽ പാർട്ടിയുടെ പരിപാടി തടസപ്പെടുത്താൻ എംഎൽഎയും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു.
പി.വി. ശ്രീനിജിൻ എംഎൽഎ ചെയ്യുന്ന ദ്രോഹംമൂലം കഴിഞ്ഞ ഒരാഴ്‌ചയായി പൊലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങുകയാണ്. ഞാൻ അധികാരമോ പദവിയോ ആഗ്രഹിച്ചിട്ടില്ല. എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം മുൻപ് വന്നിട്ടുണ്ട്. യുഡിഎഫിലും സിപിഎമ്മിലും ബിജെപിയിലും സീറ്റ് കിട്ടുന്നതിന് എനിക്ക് ബുദ്ധിമുട്ടില്ല. 2021-ലെ തിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വന്ന് സീറ്റുകൾ ഓഫർ ചെയ്‌തു. മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ അഞ്ച് തവണ എൻ്റെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടുണ്ട്. അതിനു തെളിവുചോദിച്ചാൽ വീഡിയോ ദൃശ്യങ്ങൾ കാണിക്കാം. ഇവരൊക്കെ രാത്രിവന്ന് എൻ്റെ സഹായം തേടുന്നവരാണ്.
ഞാൻ സിപിഎം ആണെന്ന് പ്രചാരണമുണ്ടായി. കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബിജെപിക്കാരൻ വന്നുപറഞ്ഞാൽ സീറ്റിനുവേണ്ടി ചാടുന്നവനല്ല ഞാൻ. കെ.സുരേന്ദ്രനുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല, നേരിട്ട് ഇതുവരെ കണ്ടിട്ടുപോലുമില്ല. മുഖ്യമന്ത്രി വിദേശത്ത് മേയോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെനിന്ന് ശുശ്രൂഷിച്ചിട്ടുണ്ട്. എന്നാൽ തന്നെ നായയെപ്പോലെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിച്ചു” എന്നാണ് സാബു എം. ജേക്കബ് തുറന്നടിച്ചത്. എന്തായാലും സംഭവം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.