ഇന്ത്യയുടെ ചിന്തയെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ആധുനിക പുരോഗമന രാജ്യമായി യുഎഇ ഉയർന്ന് വന്നിരിക്കുന്നുവെന്ന് അബുദാബിയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നയതന്ത്ര- വ്യാപര മേഖലകളില്‍ ആഗോള നാല്‍ക്കവലയായി മാറാന്‍ യുഎഇയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അൻവർ ഗർഗാഷ് ഡിപ്ലൊമാറ്റിക് അക്കാദമിയിൽ നടന്ന പരിപാടിയിൽ സമകാലിക ആഗോള ക്രമത്തെക്കുറിച്ചും വെല്ലുവിളികളികളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ ഒരു രാജ്യം എന്ന നിലയിലും ദുബായ് ഒരു നഗരമെന്ന നിലയിലും ലോകോത്തര നിരയില്‍ മുന്നിലെത്തിയിരിക്കുന്നു. യുഎഇയുമായുള്ള അടുത്ത ബന്ധം ഇന്ത്യക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. രാജ്യം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പുതിയ അവസരങ്ങൾ ഒരുക്കുന്നതിനും കരുത്താകുന്ന രാഷ്ട്രീയം കൂടി ഇരു രാജ്യങ്ങളും തമ്മിലുളള പരസ്പര ബന്ധത്തിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എജിഡിഎ ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവുമായി ആയിരുന്നു ചർച്ച.
ഇന്ത്യയും യുഎഇയും സ്വാഭാവിക പങ്കാളികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൾഫ് മേഖലയുടെ അയല്‍ രാജ്യമാണ് ഇന്ത്യ. കാലങ്ങളായി തുടരുന്ന വ്യവസായ ബന്ധങ്ങളുടെ തുടര്‍ച്ചായാണ് പുതിയ പദ്ധതികൾ. ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നിവ ഉൾപ്പെടുന്ന I2U2 രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി യുഎഇയെ പ്രശംസിച്ചത്.