ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് ഉടമ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം.
ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. അതേസമയം റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. വർഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.
തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാൻ അനുമതി നിഷേധിച്ചു.
ഭീഷണിയും, ഉപദ്രവവും മൂലം ഒളിവിൽ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരൻ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു.