വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പരമാവധി മൂന്ന് ദിവസത്തേയ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ കാലയളവിൽ ആവശ്യമായ ചെലവ് അതത് സംസ്ഥാനങ്ങളിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് വഹിക്കേണ്ടത്. നാല് മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതി നടപ്പിലാക്കുക. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ സെക്ഷൻ 162 (1) അനുസരിച്ച് വാഹനാപകടത്തിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ പരിക്കേറ്റ വ്യക്തികൾക്ക് അടിയന്തരവും സൗജന്യവുമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി 72 മണിക്കൂർ വരെ ചെലാവാകുന്ന തുകയാണ് ജനറൽ ഇൻഷുറൻസ് കമ്പനികൾ വഹിക്കേണ്ടത്. ഇതിന് ആവശ്യമായ പദ്ധതി രൂപരേഖ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും വാഹന ഭേദഗതി നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണെന്നും 2030-നുള്ളിൽ അപകടങ്ങൾ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. റോഡ് അപകടത്തിൽപ്പെട്ടവർക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് ഏറ്റവും അടുത്തുള്ള ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു.