സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി ക്ഷണിച്ച പരിപാടിക്ക് പോകാൻ സാധിക്കില്ലെന്ന് പറഞ്ഞത് അന്ന് മറ്റൊരു പരിപാടി ഏറ്റുപോയതിനാലാണെന്നും നിറത്തിൻ്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളിൽ നിന്നും ലഭിച്ച പിന്തുണ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
“ചില മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു. സുരേഷ് ഗോപി സർ ക്ഷണിച്ച നൃത്ത പരിപാടിക്ക് പോകാൻ സാധിക്കില്ല എന്ന് പറഞ്ഞത് അന്ന് മറ്റൊരു പരിപാടി ഏറ്റുപോയതിനാലാണ്. അത് അദ്ദേഹത്തെ അപമാനിക്കുന്നതിനോ പാർട്ടി വിരോധത്താലോ അല്ല. ഇപ്പോൾ ഇലക്ഷന്റെ സമയമാണ്, അതിനാൽ ആരും അതിനെ രാഷ്ട്രീയമായി കാണരുത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ വിഷയത്തിൽ എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. കലാപരമായ കാര്യങ്ങളിൽ എല്ലാ പാർട്ടിക്കാരുമായി ഒരുമിച്ച് പോകുന്ന ഒരാളാണ്.
എല്ലാവരും പറയുന്നത് എന്റെ ഫോണിലേയ്ക്കാണ് അദ്ദേഹത്തിന്റെ കോൾ വന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല. ഒരു റിപ്പോർട്ടറുടെ ഫോണിലൂടെയായിരുന്നു ആ സംഭാഷണം. റിപ്പോർട്ടറാണ് ഫോൺ ലൗഡ് സ്പീക്കറിലിട്ടത്. കുറേക്കാലത്തിന് ശേഷമാണ് ഒരു സിനിമാനടനുമായി സംസാരിക്കുന്നത്” എന്നാണ് രാമകൃഷ്ണൻ വ്യക്തമാക്കിയത്.