ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തിനായി വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. ശനിയാഴ്ചയാണ് കിരീടധാരണ ചടങ്ങ് നടക്കുക. തത്സമയം ചടങ്ങ് കാണുന്നതിനായി ലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ച് കൂറു പ്രഖ്യാപനം നടത്തും. ഇത് ഉൾപ്പെടെയുള്ള പുതിയ കാര്യ പരിപാടികൾ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി പുറത്തുവിട്ടു. ഏറ്റവും പുതുമയുള്ള ഇനമായാണ് കൂറു പ്രഖ്യാപനം അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം രാജകീയ ചടങ്ങിൽ ഭരണകൂട മേധാവിക്കും പ്രത്യേക പങ്കാളിത്തം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് കിങ് ജയിംസ് ബൈബിൾ ഭാഗം വായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കിരീടധാരണ ചടങ്ങ് ക്രിസ്തീയ വിശ്വാസ പ്രകാരമാണെങ്കിലും വിവിധ മതധാരകളെ ഉൾക്കൊള്ളുന്ന സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിശ്വാസ അനുഭാവം പ്രഖ്യാപിക്കും. കൂടാതെ പരമ്പരാഗതമായി നിലവിലുള്ള മൂന്ന് രാജകീയ പ്രതിജ്ഞകൾ ചൊല്ലുന്നതിന് മുൻപ് ആമുഖ വാക്യം പുതുതായി ചേർക്കുകയും ചെയ്യും.
വിവിധ മതത്തിന്റെ പ്രതിനിധികളും കത്തോലിക്കാ കർദിനാൾ വിൻസന്റ് നികോൾസ് ഉൾപ്പെടെയുള്ള ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള പുരോഹിതരും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിന് ആവശ്യമായ രാജകീയ ആഭരണങ്ങൾ, മേലങ്കി,കയ്യുറ എന്നിവ ഇവരായിരിക്കും നൽകുക.