2021-2022 സാമ്പത്തിക വർഷത്തിൽ എഡ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ നഷ്ടം 8,000 കോടിയാണെന്ന് റിപ്പോർട്ട്. കമ്പനികാര്യ മന്ത്രാലയത്തിന് സ്ഥാപനം നൽകിയ സാമ്പത്തിക റിപ്പോർട്ടിലാണ് നഷ്ടത്തിന്റെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയിൽ നിന്ന് 118 ശതമാനം വർധിച്ച് 5,298 കോടി രൂപയായതായും അതേസമയം, നഷ്ടം 4,564 കോടി രൂപയിൽ നിന്ന് 8,245 കോടി രൂപയായി വർധിച്ചതായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജൂലൈയിൽ 22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ് ദി ലേണിങ് ആപ്പ്. അതിലാണ് ഇപ്പോൾ 86 ശതമാനത്തിന്റെ കുറവ് വന്നിരിക്കുന്നത്.
കമ്പനി വലിയ കടക്കെണിയിലേയ്ക്ക് നീങ്ങിയപ്പോൾ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ബൈജു തന്റെ വീട് പണയപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബംഗളൂരുവിൽ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ 12 മില്യൺ ഡോളർ കടം വാങ്ങാൻ ഈട് നൽകിയതായാണ് വിവരം. കൂടാതെ, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള നിക്ഷേപകരിൽ നിന്ന് ഏകദേശം 830 കോടി രൂപ വായ്പയെടുക്കാൻ ബൈജൂസ് ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.