അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വിഷം ഉള്ളിൽചെന്നതിനേത്തുടർന്നാണ് ഗുരുതരാവസ്ഥയിലായതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതർക്കും അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിൽ ആക്രമണം നടത്തിയതിനും കള്ളപ്പണ ഇടപാട് നടത്തിയതിനും വിവിധ ഏജൻസികൾ ദാവൂദിനെതിരെ അന്വേഷണം നടത്തിവരികയാണ്. രണ്ടാം വിവാഹത്തിന് ശേഷം നിലവിൽ കറാച്ചിയിലെ അബ്ദുള്ള ഖാസി ബാബ ദർഗയ്ക്ക് പിറകിലെ റഹിംഫക്കിക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസമെന്ന് ദാവൂദിൻ്റെ സഹോദരിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ശ്രമിച്ച കേസിൽ എൻ.ഐ.എ ദാവൂദിന്റെ സഹോദരീപുത്രനിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.