പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ചില സേവനങ്ങൾ നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നുമാണ് നിർദേശം. ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനോ തടസമില്ല. ഉപഭോക്താക്കൾക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും പേടിഎം സേവിങ്സ് അക്കൗണ്ട്, ഫാസ്ടാഗ്സ്, കറന്റ് അക്കൗണ്ട്സ്, വാലറ്റ് എന്നിവയിൽ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ബാലൻസ് തുക തീർന്നാൽ പിന്നീട് ഈ സേവനം ഉപയോഗിക്കാനാവില്ലെന്ന് മാത്രം.
അക്കൗണ്ടിലും വാലറ്റിലുമുള്ള തുകയുടെ പലിശ, ക്യാഷ്ബാക്ക്, റീഫണ്ട് തുടങ്ങിയവ ലഭിക്കുന്നതിന് തടസമില്ലെന്നും ആർബിഐ നിർദേശത്തിൽ വ്യക്തമാക്കി. അതേസമയം, ഫെബ്രുവരി 29-ാം തിയതിയോ അതിനുമുമ്പോ തുടങ്ങിയ എല്ലാ ട്രാൻസാക്ഷനുകളും മാർച്ച് 15-നകം അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.