രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉയർത്തി കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും രാഹുൽ പിന്മാറിയില്ല. അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ സഭയിൽ ആരോപണങ്ങൾ ഉന്നയിച്ചു.
ഭാരത് ജോഡോ യാത്രയുടെ വിജയത്തെക്കുറിച്ച് പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ഇന്ത്യ മുഴുവനുമുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം പോലെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ പങ്കുവച്ചു. കർഷകരും തന്നോട് മനസുതുറന്നു. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതിയാണ് എവിടെയും. ആദിവാസികൾ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ കേട്ടു. അഗ്നി വീറുകൾക്ക് പറയാനുള്ളതും പറഞ്ഞു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ ആശങ്കകൾ അവരെ അലട്ടുന്നു. സർക്കാരിൻ്റെ തെറ്റായ നയങ്ങളിൽ ജനം വീർപ്പുമുട്ടുകയാണെന്ന് രാഹുൽ വിമർശിച്ചു. ഈ സമയം ഭരണപക്ഷം ബഹളം വെക്കുകയും നന്ദിപ്രമേയ ചർച്ചയാണെന്ന് ഭരണപക്ഷ എംപിമാർ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിക്കുകയും ചെയ്തു.
അതിനുശേഷം രാഹുൽ ഗാന്ധി അദാനി വിഷയം പറഞ്ഞുതുടങ്ങി. തൻ്റെ യാത്രയിൽ രാജ്യം മുഴുവൻ കേട്ടത് അദാനിയെന്ന പേരാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആ നാമം കേട്ടു. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്ന് ജനത്തിന് അറിയണം. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന് ഉത്തരം പ്രധാനമന്ത്രിയാണ്. അദാനിയും മോദിയുമായുള്ള ചിത്രം ഉയർത്തി രാഹുൽ പ്രസംഗം തുടർന്നപ്പോൾ ഭരണപക്ഷം വീണ്ടും ബഹളം വെച്ചെങ്കിലും രാഹുൽ തുടർന്നു.