കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി.
വിധി സ്റ്റേ ചെയ്യണമെന്ന് പ്രത്യേക കാരണമൊന്നും ഇല്ലാതെയാണ് രാഹുൽ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് വിധിന്യായത്തിൽ പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്നും രണ്ടു വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമാണ് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടത്.
എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമർശത്തിന് എതിരെ നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദഹം പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനായി. 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്.കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെടുന്നതു പ്രത്യേക കാരണമൊന്നും ബോധിപ്പിക്കാതെയാണ്. രാഹുലിനെതിരെ പത്തോളം കേസുകൾ നിലവിലുണ്ട്. രാഷ്ട്രീയരംഗത്ത് പരിശുദ്ധി ഉണ്ടാവേണ്ടതുണ്ട്. കേംബ്രിഡ്ജിൽ വീര സവർക്കറിന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ കൊച്ചുമകൻ രാഹുലിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്- കോടതി ചൂണ്ടിക്കാട്ടി.