തെരുവ് നായ ശല്യവും പേവിഷബാധയും രൂക്ഷമാകുന്ന സാഹചര്യത്തിൽ പേവിഷബാധ സ്ഥിരീകരിച്ച പശുവിൻ്റെ പാൽ അറിയാതെ കുടിച്ചുപോയി എന്ന് കരുതി ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് വെറ്റിനറി വിദഗ്ധർ അറിയിക്കുന്നു.നായയുടെ കടിയേറ്റ പശുവിൻ്റെ പാലിൽ രോഗാണുക്കളുണ്ടെങ്കിൽ അവ ചൂടാക്കുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ നശിച്ചുപോകും. 60 ഡിഗ്രി സെൻറിഗ്രേഡിൽ ചൂടാക്കിയാൽ 10 സെക്കൻഡിനുള്ളിൽ വൈറസുകൾ നശിച്ചുപോകുമെന്നാണ് മൃഗാരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
പേവിഷബാധ സ്ഥിരീകരിച്ച പശുവിൻ്റെ പാൽ തിളപ്പിക്കാതെ കറന്നെടുത്ത ഉടൻ നേരിട്ട് കുടിച്ചിട്ടുണ്ടെങ്കിൽ പ്രതിരോധകുത്തിവെയ്പ് ആവശ്യമാണന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശമുണ്ട്. സാധാരണ രീതിയിൽ പാൽ തിളപ്പിച്ച് കുടിക്കുന്നതിനാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വ്യക്തമാകുന്നത്.
വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കാനും രോഗബാധ സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാനും നിർദേശമുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകാനും ധാരണയുണ്ട്.