നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ഏഴര വർഷത്തെ വിചാരണത്തടവിന് ശേഷം പുറത്തിറങ്ങി. എറണാകുളം സബ്ജയിലിൽ കോടതി ഉത്തരവുമായെത്തി ബന്ധുക്കളാണ് പൾസർ സുനിയെ കൊണ്ടുപോയത്. കർശന വ്യവസ്ഥകളോടെയാണ് സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും വിചാരണക്കോടതിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്. ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം, സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുത് തുടങ്ങിയ കാര്യങ്ങൾ ജാമ്യവ്യവസ്ഥയിലുണ്ട്. അതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും വേണം. രണ്ട് ആൾജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് ശേഷം വിചാരണക്കോടതിയിലെ നടപടിക്രമങ്ങൾ കഴിഞ്ഞാണ് ഇന്ന് സുനി പുറത്തിറങ്ങിയത്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. പൾസർ സുനിക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും ജാമ്യത്തിലിറങ്ങിയാൽ സമൂഹത്തിനുതന്നെ ഭീഷണിയാകുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല.