തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിൽ എൻഐഎ കോടതി ബുധനാഴ്ച രണ്ടാംഘട്ട വിധി പറയും. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്നു പ്രതികളുടെ കുറ്റ വിചാരണ പൂർത്തിയാക്കിയാണ് വിധിപറയൽ.
സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിധി എത്തുന്നത്. 11 പ്രതികൾക്കുള്ള ശിക്ഷയാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കർ പുറപ്പെടുവിക്കുക. പല ഘട്ടങ്ങളിലായി പിടിയിലായ പ്രതികൾക്കെതിരേ വെവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് വിചാകരണ പൂർത്തിയാക്കിയത്.
2010 മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം.കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇൻ്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻ ഐഎ കോടതി രണ്ടാം ഘട്ട വിധി പ്രസ്താവം നടത്തുക.
2015 ഏപ്രിൽ 30ന് കേസിൽ ആദ്യ വിധിപറഞ്ഞിരുന്നു. പിടിയിലായ31 പ്രതികളിൽ 13 പേരെ ശിക്ഷിക്കുകയും 18 പേരെ വിട്ടയക്കുകയും ചെയ്തിരുന്നു.