സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് മിനിമം അഞ്ച് രൂപയാക്കുക, കൺസഷന് പ്രായപരിധി നിശ്ചയിക്കുക, ബസുകളുടെ പെർമിറ്റുകൾ പഴയപോലെ തുടരാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക.
ലിമിറ്റഡ് സ്‌റ്റോപ് ബസുകൾക്ക് പെർമിറ്റുകൾ നൽകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിന് ശേഷമാണ് ഈ തീരുമാനം. ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന് പിന്നാലെയാണ് ഈ പണിമുടക്ക് ആരംഭിക്കുക.