ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തിലെ ഖാജോഡിലാണ് 3,200 കോടി രൂപ ചെലവഴിച്ച് സൂറത്ത് ഡയമണ്ട് ബോവ്സ് ഓഫീസ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം വലുപ്പത്തിൽ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെയും പിന്നിലാക്കിയാണ് റെക്കോർഡിട്ടത്. ജൂലൈയിൽ നിർമ്മാണം പൂർത്തിയായ ഓഫീസിൻ്റെ ഔപചാരിക ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
പുതിയ ഇന്ത്യയുടെ കരുത്തിന്റെ ചിഹ്നമാണ് ഡയമണ്ട് ബോവ്സെന്നും രാജ്യത്തിൻ്റെ പുരോഗതിക്കായി പരിശ്രമിക്കുമെന്ന ബി.ജെ.പി സർക്കാരിൻ്റെ ദൃഢനിശ്ചയമാണ് ഓഫീസ് പ്രതിഫലിപ്പിക്കുന്നതെന്നും ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ വാസ്‌തുകലയുടെയും ഇന്ത്യൻ കലാകാരന്മാരുടെയും ശ്രേഷ്‌ഠതയാണ് സൂറത്ത് ഡയമണ്ട് ബോവ്സ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത്. ഈ ഡയമണ്ടിന് മുന്നിൽ മറ്റു ഡയമണ്ടുകളുടെ തിളക്കം മങ്ങും. സൂര്യ നഗരമെന്നായിരുന്നു സൂറത്ത് അറിയപ്പെട്ടിരുന്നത്. ഇനി സൂറത്ത് ഡയമണ്ട് നഗരമായാകും അറിയപ്പെടുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വലുപ്പത്തിൽ കെട്ടിടം അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെയും പിന്നിലാക്കി. പെൻ്റഗൺ 66.75 ലക്ഷം ചതുരശ്ര അടിയാണെങ്കിൽ സൂറത്ത് ഡയമണ്ട് ബോവ്സ് 67.28 ലക്ഷം ചതുരശ്ര അടിയാണ്. വജ്രവ്യാപാരത്തെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ഓഫീസ് ഡയമണ്ട് റിസർച്ച് ആന്റ് മർക്കന്റയിൽ സിറ്റി അഥവാ ഡ്രീം സിറ്റിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 15 നിലകളുള്ള പരസ്പരബന്ധിതമായ ഒമ്പത് കെട്ടിടങ്ങളായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 300 ചതുരശ്ര അടി മുതൽ 75,000 ചതുരശ്ര അടിവരെ വിസ്‌തീർണമുള്ള 4,700 ഓഫീസുകളും ഇവിടെയുണ്ട്. 131 എലിവേറ്ററുകളും ഈ കെട്ടിടത്തിലുണ്ട്.