ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതി. ഔദ്യോഗിക സമയം കഴിഞ്ഞും നീണ്ടുപോയ വോട്ടെടുപ്പ് അർധ രാത്രിയോടെയാണ് പൂർത്തിയായത്. 20 മണ്ഡലങ്ങളിലെയും വോട്ടിങ് അവസാനിച്ചപ്പോൾ പോളിങ് ശതമാനം 71.16 ആണ്. എന്നാൽ ഇന്ന് അന്തിമ കണക്കിൽ മണ്ഡലങ്ങളിലെയും സംസ്ഥാനത്തെയും പോളിങ് ശതമാനം മാറിയേക്കാം. കൂടാതെ തപാൽ വോട്ടുകൾ കൂടി ചേർക്കുമ്പോൾ പോളിങ് ശതമാനം 72 ശതമാനം പിന്നിട്ടേക്കാമെന്നാണ് റിപ്പോർട്ട്. വിധിയെഴുത്തിന് ശേഷം ഇനി ഫലമറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.
തിരുവനന്തപുരം-66.43%, ആറ്റിങ്ങൽ-69.40%, കൊല്ലം-67.97%, പത്തനംതിട്ട-63.35%, മാവേലിക്കര-65.91%, ആലപ്പുഴ-74.41%, കോട്ടയം-65.60%, ഇടുക്കി-66.43%, എറണാകുളം-68.27%, ചാലക്കുടി-71.84%, തൃശൂർ-72.20%, പാലക്കാട് -72.83%, ആലത്തൂർ-72.85% പൊന്നാനി – 69.04% മലപ്പുറം-72.84% കോഴിക്കോട്-74.94% വയനാട് -73.26% വടകര-75.98% കണ്ണൂർ-77.23% കാസർഗോഡ്-75.29% എന്നിങ്ങനെയാണ് കേരളത്തിലെ പോളിങ് ശതമാനം. ആകെ 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 77.23%. പത്തനംതിട്ടയിലാണ് കുറവ് രേഖപ്പെടുത്തിയത്- 63.35%. ആറ് മണിക്ക് ശേഷവും വടകര ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരുടെ തിരക്കിനേത്തുടർന്ന് വോട്ടിങ് നീളുകയായിരുന്നു. ഇതോടെ ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥന്മാർ ടോക്കൺ നൽകുകയും വോട്ടിങ് തുടരുകയുമായിരുന്നു. എന്നാൽ വടകരയിലെ ഓർക്കാട്ടേരി, മാട്ടൂൽപീടിക, നരിക്കുന്ന് എന്നീ മൂന്ന് ബൂത്തുകളിലും പോളിങ് മന്ദഗതിയിലായതോടെ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തുടർന്ന് രാത്രി 11 മണിയോടെയാണ് ഈ ബൂത്തുകളിലെ വോട്ടിങ് അവസാനിച്ചത്.