ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടിങ് 71 ശതമാനം പിന്നിട്ടു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം മണിക്കൂറുകൾക്ക് മുമ്പ് തന്നെ അവസാനിച്ചെങ്കിലും പോളിങ് മന്ദഗതിയിലായതിനേത്തുടർന്ന് വടകരയിൽ ഇപ്പോഴും വോട്ടിങ് തുടരുകയാണ്. വടകരയിലെ ഓർക്കാട്ടേരി, മാട്ടൂൽപീടിക, നരിക്കുന്ന് എന്നീ മൂന്ന് ബൂത്തുകളിലാണ് വോട്ടിങ് ഇപ്പോഴും തുടരുന്നത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.57%. പത്തനംതിട്ടയിലാണ് കുറവ് രേഖപ്പെടുത്തിയത്- 63.34%.
തിരുവനന്തപുരം-66.41%, ആറ്റിങ്ങൽ-69.39%, കൊല്ലം-67.82%, പത്തനംതിട്ട-63.34%, മാവേലിക്കര-65.86%, ആലപ്പുഴ-74.25%, കോട്ടയം-65.59%, ഇടുക്കി-66.37%, എറണാകുളം-67.97%, ചാലക്കുടി-71.59%, തൃശൂർ-71.91%, പാലക്കാട് -72.45%, ആലത്തൂർ-72.42% പൊന്നാനി – 67.69% മലപ്പുറം-71.49% കോഴിക്കോട്-73.09% വയനാട് -72.71% വടകര-73.09% കണ്ണൂർ-75.57% കാസർഗോഡ്-74.16% എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം. ആകെ 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
സമയം അവസാനിച്ചെങ്കിലും വടകരയിലെ ഓർക്കാട്ടേരി, മാട്ടൂൽപീടിക, നരിക്കുന്ന് എന്നീ മൂന്ന് ബൂത്തുകളിലും പോളിങ് മന്ദഗതിയിലായതോടെ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ ഈ ബൂത്തുകളിലെ വോട്ടിങ് അർത്ഥരാത്രി വരെ നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, മണിക്കൂറുകളോളം ക്യൂ നിന്നിട്ടും വോട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോവുകയും ചെയ്ത സാഹചര്യവുമുണ്ടായി.
ആറ് മണിക്ക് ശേഷവും വടകര ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരുടെ തിരക്കിനേത്തുടർന്ന് വോട്ടിങ് നീളുകയായിരുന്നു. ഇതോടെ ക്യൂവിലുള്ളവർക്ക് പോളിങ് ഉദ്യോഗസ്ഥന്മാർ ടോക്കൺ നൽകുകയും വോട്ടിങ് തുടരുകയുമായിരുന്നു. എത്രവൈകിയാലും ടോക്കൺ ലഭിച്ചവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.