സംവിധായകൻ മേജർ രവിയും കോൺഗ്രസ് നേതാവ് സി രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു. ഞായറാഴ്ച രാത്രി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. കൂടിക്കാഴ്ചയിൽ കേരളത്തിലെ വിമുക്തഭടൻമാരും സൈനികരും നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ദേശീയതക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം സി രഘുനാഥ് പ്രതികരിച്ചു. ദേശീയതയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് മേജർ രവിയും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച സി. രഘുനാഥ്, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവ് കൂടിയാണ്.
അതേസമയം മേജർ രവിയെ പോലുള്ള ആളുകൾ ബിജെപിയിലേക്ക് കടന്നുവരുന്നത് പാർട്ടിക്ക് സംസ്ഥാനത്ത് കൂടുതൽ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.