ഒരു മാസത്തെ പ്രചാരണ മാമാങ്കത്തിനൊടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും നേരിട്ട് പറഞ്ഞുറപ്പിക്കാനായി ഇറങ്ങിയിട്ടുണ്ട്. സഭയുടെ സ്ഥാനാർഥിയിൽ തുടങ്ങി സ്ഥാനാർഥിക്കെതിരായ വ്യാജ വീഡിയോയിൽ വരെ എത്തി നിൽക്കുന്ന ആരോപണങ്ങൾ. തെരഞ്ഞെടുപ്പ് വിഷയങ്ങളിലും സിൽവർ ലൈൻ മുതൽ നടിയെ ആക്രമിച്ച കേസ് വരെ അരങ്ങുവാണു.
39 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാണ്. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തുതുടങ്ങും. ഏതാണ്ട് ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡലത്തിൽ 3633 പേരും കന്നിവോട്ടര്‍മാരാണ്. തൃക്കാക്കരയിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ലയെന്നതും ആശ്വാസകരമാണ്. ഹരിത ചട്ടങ്ങൾ പാലിച്ചാണ് ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളുൾപ്പടെ തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം.
കലാശക്കൊട്ടിലെ പ്രവര്‍ത്തക പങ്കാളിത്തം വിജയം കണ്ടതോടെ തൃക്കാക്കരയിലും വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്.
ബൂത്തടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും ഇഴകീറി പരിശോധിച്ച സിപിഐഎം തൃക്കാക്കരയില്‍ അട്ടിമറി ഉണ്ടാകുമെന്ന വിശ്വാസത്തിൽ തന്നെയാണ്.
അവസാന ദിവസങ്ങളില്‍ പിസി ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് ബിജെപി പ്രതീക്ഷ.
തൃക്കാക്കരയിൽ കള്ളവോട്ട് തടയാൻ കർശനമായ നടപടി സ്വീകരിച്ചതായി എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. അഞ്ചിൽ കൂടുതൽ പോളിംഗ് ബൂത്തുകളുള്ള ഇടങ്ങളിൽ മൈക്രോ നിരീക്ഷകർ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.