തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഏഴിന് പുതിയ തെലങ്കാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസിന്റെ ഈ ജയത്തിന്റെ അമരക്കാരനായിരുന്നു 54കാരനായ രേവന്ത് റെഡ്ഡി.
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടിയാണ് സംസ്ഥാനത്ത് അധികാരത്തിൽ എത്തുന്നത്. മാത്രമല്ല, കെസിആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവണ്മെന്റ് രേവന്തിന് പരോള്‍ നല്‍കിയിരുന്നത്.നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തില്‍ കെസിആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും രേവന്ത് റെഡ്ഢി കാണിച്ചതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാര്‍ റെഡ്ഡി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡി കടന്ന് വന്നത്. ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായി മാറി.