ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 454 എംപിമാർ ബില്ലിനെ അനുകൂലിക്കുകയും രണ്ട് എംപിമാർ എതിർത്തും വോട്ട് രേഖപ്പെടുത്തി. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭയിൽ എത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.
അതേസമയം അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം സഭ ശബ്ദ വോട്ടോടെ തള്ളി. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഉപസംവരണം വേണമെന്നായിരുന്നു ഉവൈസി മുന്നോട്ട് വച്ച നിർദേശം. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. കൂടാതെ വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. വനിതാ സംവരണം നടപ്പാക്കാൻ മണ്ഡല പുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രിയും വ്യക്തമാക്കി.
വനിതാ സംവരണ ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ച ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം നടപ്പിലാക്കുക. അതേസമയം ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.