നവ കേരള സദസിന് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിന് വേണ്ടി എൽ പി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. ഇതിനെതിരെ പരാതിയുമായി വിദ്യാർത്ഥി സംഘടനായ എംഎസ്എഫ് രംഗത്ത്.തലശേരി ചെമ്പാട് എൽ പി സ്കൂളിലെ വിദ്യാർത്ഥികളെയാണ് റോഡിൽ പൊരി വെയിലത്ത് നിർത്തിയത്.
സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മീഷന് മുൻപാകെയാണ് പരാതി നൽകിയത്. ബാലാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള കടുത്ത ലംഘനമാണ് നടന്നതെന്ന് എംഎസ്എഫ് പരാതിയിൽ ആരോപിച്ചു. ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്.
അതേസമയം സർക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന് എതിരെയും എംഎസ്എഫ് രംഗത്തെത്തി. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്നും സംഘടന അറിയിച്ചു. ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.