കെ കെ രമ എം എൽ എയെ അധിക്ഷേപിച്ച വിഷയത്തിൽ പ്രതിഷേധിച്ച് മുൻമന്ത്രി എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തിയത് വലിയ വിവാദമായിരുന്നു. മണിയുടെ മുഖം ചിമ്പാൻസിയുടെ കട്ട്ഔട്ടിൽ ചേർത്തുവച്ചായിരുന്നു മാർച്ച്. കെ കെ രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോൺഗ്രസ് പ്രവർത്തകർ ഫ്ലെക്സ് ഒളിപ്പിക്കുകയായിരുന്നു.
എം എം മണിക്കെതിരായ മഹിളാ കോൺഗ്രസിന്റെ അധിക്ഷേപത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് ഇന്നെന്നും നാമെല്ലാവരും വർണവെറിക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ മഹിളാ കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ, അതിപ്പോ അങ്ങനെ ആയതുകൊണ്ട് ഞങ്ങൾ എന്തു പിഴച്ചു, സൃഷ്ടാവിനോട് പറയുകയല്ലാതെ എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. മഹിള കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചത് അവരുടെ മാന്യതയാണെന്നും മണിക്ക് അതൊന്നും ഇല്ലല്ലോ എന്നുമായിരുന്നു സുധാകരന്റെ വാക്കുകൾ. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായതോടെ കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചു.
തെറ്റിനെ തെറ്റായി കാണുന്നുവെന്നും, ന്യായീകരണത്തിനില്ലെന്നുമായിരുന്നു ഖേദ പ്രകടനം. പെട്ടെന്നുണ്ടായ ക്ഷോഭത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തുവന്നതെന്നും അധികം ചിന്തിക്കാതെയുണ്ടായ പ്രതികരണമാണെന്നും കെ സുധാകരൻ തന്റെ ഫേസ്ബുക്കിൽ ക്ഷമാപണം കുറിച്ചു.
ഇതിന് മണിയുടെ മറുപടിയും വന്നു,
‘ഒരുത്തന്റെയും മാപ്പും വേണ്ട ….
കോപ്പും വേണ്ട……
കയ്യിൽ വെച്ചേരെ…
ഇവിടെ നിന്നും തരാനൊട്ടില്ല താനും……’ എന്നായിരുന്നു എം എം മണിയുടെ ഫേസ്ബുക് പോസ്റ്റ്.