ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് പരാതിക്കാരനായ ഹരിദാസ് വെളിപ്പെടുത്തി. പറഞ്ഞത് നുണയാണെന്നും ഹരിദാസ് മൊഴി നൽകി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.
സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് പണം നൽകിയെന്നായിരുന്നു ഹരിദാസ് ആദ്യം നൽകിയ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറയുകയും ചെയ്തു. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ ഒടുവിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്നു സമ്മതിക്കുകയായിരുന്നു. ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകിയിട്ടുണ്ട്. നിയമനത്തിന് ഒരു ലക്ഷം രൂപ ആർക്കും നൽകിയിട്ടില്ലെന്നും ഹരിദാസ് പറഞ്ഞു.
അഖിൽ സജീവിന് 25000 രൂപയും ലെനിന് 50,000 രൂപയും നൽകിയെന്നാണ് മൊഴി. എന്നാൽ ഹരിദാസിനെ ഉടൻ പ്രതി ചേർത്തേക്കില്ലെന്നാണ് റിപ്പോർട്ട്. ഹരിദാസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.